
പാലക്കാട്: മലമ്പുഴ അണക്കെട്ടില്‍നിന്ന് കഞ്ചിക്കോട് കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പ്ലൈന്‍ പദ്ധതിയുടെ ഭാഗമായി സ്വകാര്യ ഭൂമിയില്‍ അനുമതിയില്ലാതെ പ്രവേശിച്ച് കുഴിയെടുത്തതായി പരാതി. സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഭൂവുടമ ശോഭാ നന്ദകുമാര്‍ പാലക്കാട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.
എറണാകുളം ജില്ലയില്‍ താമസിക്കുന്ന ഭൂവുടമയ്ക്ക് അയല്‍വാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് അവരുടെ പ്രതിനിധികള്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കിന്‍ഫ്രയുടെ നേതൃത്വത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയത്. സ്ഥലത്ത് വലിയ കുഴിയെടുത്ത നിലയിലും പൈപ്പുകള്‍ ഇറക്കിവെച്ച നിലയിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന നിലയിലുമായിരുന്നു. പ്രവര്‍ത്തനങ്ങള്‍ നിരവധി ദിവസങ്ങളായി തുടരുകയായിരുന്നുവെന്ന് സമീപവാസികളും പറഞ്ഞു.
ഭൂവുടമയുടെ പരാതിയില്‍ പറയുന്നതനുസരിച്ച്, ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെയും നഷ്ടപരിഹാരം നല്‍കാതെയും രജിസ്‌ട്രേഷന്‍ നടത്താതെയും ഭൂമിയുടമയുടെ സമ്മതമില്ലാതെയും സ്വകാര്യ ഭൂമിയില്‍ പ്രവേശിച്ച് പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത് നിയമവിരുദ്ധമാണെന്നാണ് ആരോപണം. 2013ലെ ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസ നിയമത്തിന്റെയും അടിയന്തര ഘട്ടങ്ങളില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനായി 2025 ജൂണില്‍ കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലെയും വ്യവസ്ഥകള്‍ പാലിച്ചിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 300എയുടെ ലംഘനവും നടന്നിട്ടുണ്ടെന്നാണ് ഭൂവുടമയുടെ ആരോപണം.
ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ ഭൂമി വിട്ടുനല്‍കാനോ അവിടെ പ്രവര്‍ത്തനങ്ങള്‍ നടത്താനോ അനുവദിക്കില്ലെന്ന് ഭൂവുടമ കിന്‍ഫ്രയെ നേരത്തെ രേഖാമൂലം അറിയിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. എന്നാല്‍, ഭൂവുടമ ഉന്നയിച്ച നിയമപരമായ കാര്യങ്ങള്‍ക്ക് കിന്‍ഫ്രയില്‍നിന്ന് മറുപടി ലഭിച്ചിരുന്നില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞതിനെ തുടര്‍ന്ന് ഭൂവുടമ കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്ക് മാനേജര്‍ മുരളികൃഷ്ണനുമായി ഫോണില്‍ ബന്ധപ്പെട്ടു. സംഭവത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ഇത്തരത്തില്‍ പ്രവര്‍ത്തനം നടന്നിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ പിഴവാണെന്നും മാനേജര്‍ അറിയിച്ചതായി ഭൂവുടമ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും സ്ഥലം പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മാനേജര്‍ ഉറപ്പുനല്‍കിയതായി പരാതിയില്‍ പറയുന്നു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള സര്‍ക്കാര്‍ അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നും, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് 2026 ജനുവരി അവസാനവാരം പാലക്കാട് കളക്ടറുടെ ഓഫീസില്‍ നടന്ന ധാരണപ്രകാരം എല്ലാ നടപടികളും നിയമാനുസൃതമായി മാത്രമേ നടത്തുകയുള്ളൂവെന്നും മാനേജര്‍ ഭൂവുടമയെ അറിയിച്ചതായും പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ കിന്‍ഫ്രയുടെ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തിവയ്ക്കുക, സ്ഥലത്തുനിന്ന് യന്ത്രങ്ങളും തൊഴിലാളികളെയും പിന്‍വലിക്കുക, ഭൂമി പൂര്‍വസ്ഥിതിയിലാക്കുക, നിയമലംഘനത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഭൂവുടമ ഉന്നയിച്ചിരിക്കുന്നത്.
റെയില്‍വേ പാതയ്ക്ക് സമീപം അനധികൃതമായി കുഴിയെടുത്തത് പൊതുജനങ്ങള്‍ക്കും റെയില്‍വേ പാതയ്ക്കും സുരക്ഷാ ഭീഷണിയാകുമെന്ന ആശങ്കയും ഭൂവുടമ പ്രകടിപ്പിച്ചിട്ടുണ്ട്. റെയില്‍വേ പാതയ്ക്ക് അടിയിലൂടെ ലാറ്ററല്‍ ഡ്രില്ലിംഗ് നടത്തി പൈപ്പ് സ്ഥാപിക്കുന്നതിനായി കുറഞ്ഞത് അഞ്ച് മീറ്റര്‍ ആഴത്തില്‍ സ്വകാര്യ ഭൂമിയില്‍ കുഴിയെടുത്തതായാണ് ആരോപണം.
സംഭവത്തില്‍നിന്ന് ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ക്ക് തനിക്ക് ഉത്തരവാദിത്വമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന പൊലീസ് മേധാവിക്കും ഭൂവുടമ വിവരം കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Photo Courtesy - Google










